21 December 2007

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാ൯

സ്വപ്നങ്ങളൊക്കെയും പങ്കുവെക്കാ൯
ഹൊ! എന്തൊരു ദാഹം, എന്തൊരു വിശപ്പ് ! കുറച്ച് വെള്ളം കുടിക്കാമെന്ന് വച്ചാൽ അതിമോഹം എന്നുതന്നെ പറയാം. അരുവി നിറയെ തലങ്ങും വിലങ്ങും ഉടക്ക് വല വിരിച്ച് കാത്തിരിക്കുകയല്ലേ ! ഈ വൃത്തികെട്ട മനുഷ്യ൪! ഒരു മാക്രിയെപ്പോലും ജീവിക്കാ൯ അനുവദിക്കത്തില്ല. ദുഷ്ടന്മാ൪! ഇനിയിപ്പോൾ ഇടവപ്പാതി വരെയൊന്ന് കാത്തിരിക്കാമെന്ന് വിചാരിച്ചാൽ മഴപെയ്യുമോയെന്ന് യാതൊരു ഉറപ്പും ഇല്ല. നാടുനീളെ അതിരാത്രവും ഹോമവും പൂജകളും നടക്കു൩ാൾ കാട്ടിലെങ്ങനെ മഴലഭിക്കും? അരുവിയോടുചേർന്ന തോട്ടത്തിൽ നിന്ന് എന്തെങ്കിലും കഴിക്കാമെന്ന് വച്ചാൽ കീടനാശിനി, പന്നിപ്പടക്കം, ബുൾഢോസറുകൾ എന്നിവ ആ ഉദ്യമത്തിൽ നിന്നും പി൯തിരിപ്പിക്കുന്നു. ദാഹത്തിന്റെ കാര്യം വിട്ടുകളയാം,
വിശപ്പുമാറ്റാ൯ ഒരെലിയെയെങ്കിലും ശാപ്പിടാമെന്ന് വിചാരിച്ചാലും ദുഷ്കരം. കാട്ടിൽ എവിടെയാണ് മൂഷികവർഗ്ഗം? എല്ലാം പുലികളല്ലേ! വിടുതലൈപ്പുലികളും കഴതപ്പുലികളും. പിന്നെ കുറേ തുരപ്പന്മാരും വെട്ടുകിളികളും. ഗണപതി വാഹകനെന്നു നാമം ചാ൪ത്തി തീറ്റിപ്പോറ്റിയവ൪ തന്നെ
എലിപ്പനിയെപ്പേടിച്ച് എല്ലാറ്റിനേയും കൊന്ന് കുഴിച്ചുമൂടി. ഇനി വല്ല കാട്ടുകോഴിയെപ്പിടിച്ച് ഭക്ഷിക്കാമെന്ന് തോന്നിയാൽ കാട്ടുകോഴിക്കിപ്പോൾ സംക്രാന്തിയല്ലേ? ചുറ്റും വേലിതീർത്ത് ചൂടുനിയന്ത്രണ വലകെട്ടി കൃത്രിമ വെളിച്ചവും ഭക്ഷണവും കുശാലായി നൽകുകയല്ലേ!! ഈയുള്ളവന്റെ അടുത്ത ജന്മം ഒരു കോഴിയായിരുന്നെങ്കിൽ!!! "കോഴിയിറച്ചി കഴിച്ച് ഒരുമാതിരി കോഴിയെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ള മനുഷ്യക്കോഴിയാക്കരുതേയെന്റെ ഈശ്വരന്മാരെ" .

ഇനി സസ്യഭുക്കായി ജീവിക്കാമെന്നു വച്ചാൽ കാട്ടിൽ കായ്`ഖനികളെവിടെ? മരങ്ങളായ മരങ്ങളെല്ലാം മുറിച്ചുനീക്കി റിസോർട്ടുകൾ പണിത് സായിപ്പന്മാരുടെ കാമാസക്തി മുതലാക്കാൻ ടുറിസമെന്നൊരു പേരും കൊടുത്തിരിക്കുകയല്ലേ! പിന്നെ വിശപ്പടക്കാനായി , ഇവന്മാരുടെ ഭക്ഷണവെറിയിൽ
ജീവ൯ ഹോമിച്ച ചില നിസ്സഹയരായ മനുഷ്യസ്ത്രീ ദേഹങ്ങൾ മാത്രം.
പണ്ടൊക്കെ കുറുക്കനേയും നരിയേയും പുലിയേയുമാണ് ഭയക്കേണ്ടിയിരുന്നത്. പക്ഷെ രക്ഷാ മാ൪ഗ്ഗങ്ങൾ അനവധിയായിരുന്നു. ഇപ്പോൾ ഈ ദുഷ്ടമനുഷ്യരുടെ കാഴ്ചയിലെങ്ങാനും അകപ്പെട്ടാൽ,അകപ്പെട്ടവനു അഷ്ടമത്തിൽ ശനിയെന്നു പറഞ്ഞ പോലെ, കഥ കഴിഞ്ഞതുതന്നെ.

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും 'വെന്തമനുഷ്യ മാംസം' , അതിന്റെ രുചിയൊന്ന് വേറെ! ഒരുമാതിരി കുന്തം മസാല ചേർത്ത ഇടിവെട്ടു മീൻകറി പോലെ. മൂന്നാലുവ൪ഷം മു൯പ് ഗീതാനന്ദനും ജാനുവും കൂട്ടരും കാട് കയ്യേറിയപ്പോൾ പോലീസുകാ൪ നടത്തിയ സംഹാരതാണ്ഡവത്തിന്റെ ഫലമായി വീണുകിട്ടിയ മൃഷ്ടാന്ന ഭോജനം!! ഇനിയെന്നാണാവോ ഇങ്ങിനെയൊരു സദ്യ ലഭിക്കുക? അധികം കാത്തിരിക്കേണ്ടിവരികയില്ല എന്ന പ്രതീക്ഷയോടെ........

കാട്ടുപൂച്ച.

No comments: