4 July 2007

സായംസന്ധ്യ

തൃക്കൺപാർത്തു നിൽപ്പതു കൽബിംബം
പ്രതിധ്വനിക്കായി തുടിക്കും വലംപിരിശംഖിൻ നാദം
ഓംകാര മന്ത്രധ്വനികളാൽ മുഖരിത–
നാൽവ൪ ചുവരുകൾക്കുള്ളിൽ തുടിക്കും
മുഖങ്ങൾ ദേവപ്രീതിക്കായി
പായസ നിവേദ്യത്തിനായി തിരയും
കുഞ്ഞുപൈതലിൻ കൺ തടങ്ങൾ
ഇരതേടും കാമുകഹൃദയങ്ങൾ
തിരയുന്നൂ മൈക്കണ്ണി കടാക്ഷങ്ങൾ
പ്രതീക്ഷകളില്ലാതെ ചേതനയറ്റു
അരയാലിൻ ചുവട്ടിൽ തൊഴിൽ രഹിതർ
എച്ചിൽപുറങ്ങൾക്കു വിടചൊല്ലി
നടന്നകലുന്നു ഹതഭാഗ്യമൃത്യുജന്മങ്ങൾ
കൂടണയാൻ വെ൩ൽകൊള്ളും ഗ്രാമത്തിൻ
ശുചീകരണ തോഴക്കൂട്ടം
ഒറ്റയടിപ്പാതയിൽ സന്ധ്യതൻ പാദസ്പർശം
നാദസ്വര മേള ലയ താളത്താൽ
അക൩ടിയേന്തും ചിവീടുകൾ
മണ്ഡുകശ്രാവ്യമുതിർത്തു മണ്ഡുകശ്രേണി
എവിടെനിന്നോ ഉയരുന്നു മദ്യാസക്തിത൯
രൗദ്രഭാവങ്ങൾ ഒരട്ടഹാസമായി
അതിൽ എരിഞ്ഞടങ്ങും ഏതോ അമ്മതൻ
ചുടുനീർ നിശ്വാസ ഗന്ധങ്ങൾ
ഒരപ്രഖ്യാപിത പവർകട്ടിൻ ചേതോവികാരത്തിൽ
ഇലട്രിക് പോസ്റ്റിൽ നിന്നകന്നു
മിന്നാമിനുങ്ങിൻ നുറുങ്ങുവെട്ടം
തസ്കര ശ്വാന വർഗ്ഗ സമരങ്ങളിൽ
നിന്നൊളിച്ചു ചില നിശാ സംഗമങ്ങൾ
ചന്ദ്രക്കലയിതു കണ്ടു മേഘക്കീറിൽ
ലജ്ജയാൽ മുഖം പൂഴ്ത്തി നിന്നു
ഈ സന്ധ്യത൯ ആത്മശാന്തിക്കായി
അർപ്പിക്കട്ടെ ഞാനെൻ ബലിപുഷ്പങ്ങൾ

No comments: